ന്യൂഡൽഹി: ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും, ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ കടുത്ത ആഘാതത്തിൽ ആണ്. 241 പേരുടെ ജീവൻ കവർന്ന ജൂൺ 12-ലെ എയർ ഇന്ത്യ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും, വിശ്വാസ് മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ്.(Current status of the sole survivor of the Ahmedabad plane crash)
അഭിമുഖത്തിലാണ് വിശ്വാസ് തൻ്റെ ദുരിത ജീവിതം വെളിപ്പെടുത്തിയത്. ഏതാനും സീറ്റുകൾ അകലെയായിരുന്ന ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചപ്പോൾ താൻ മാത്രം രക്ഷപ്പെട്ടതിൻ്റെ കഠിനമായ വേദന അദ്ദേഹം പങ്കുവെച്ചു. "ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്," അദ്ദേഹം പറഞ്ഞു.
"എനിക്ക് എൻ്റെ സഹോദരനെ നഷ്ടപ്പെട്ടു. അവൻ എൻ്റെ നട്ടെല്ലായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ഞാൻ റൂമിൽ ഒറ്റക്കിരിക്കുന്നു, ഭാര്യയോടും മകനോടും സംസാരിക്കുന്നില്ല. എൻ്റെ വീട്ടിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം," വിശ്വാസ് കൂട്ടിച്ചേർത്തു. വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം തുടർ ചികിത്സയൊന്നും തേടിയിട്ടില്ല.
"കഴിഞ്ഞ നാല് മാസമായി എൻ്റെ അമ്മ എല്ലാ ദിവസവും വാതിലിനു പുറത്ത് ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്. ഞാൻ രാത്രി മുഴുവൻ ചിന്തിക്കുന്നു, ഞാൻ മാനസികമായി കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും മുഴുവൻ കുടുംബത്തിനും വേദന നിറഞ്ഞതാണ്." കാലിലും തോളിലും കാൽമുട്ടിലും പുറത്തും ഇപ്പോഴുള്ള വേദന കാരണം അദ്ദേഹത്തിന് ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിയുന്നില്ല. ഇത് കുടുംബത്തിൻ്റെ സാമ്പത്തിക നിലയെ ബാധിച്ചു.
വിശ്വാസും സഹോദരനും ചേർന്ന് നടത്തിയിരുന്ന ദിയുവിലെ ബിസിനസ് അപകടത്തിന് ശേഷം തകർന്നുപോയതായി കമ്മ്യൂണിറ്റി നേതാവ് സഞ്ജീവ് പട്ടേലും വക്താവ് റാഡ് സീഗറും പറയുന്നു. എയർ ഇന്ത്യ വിശ്വാസിന് 21,500 പൗണ്ടിൻ്റെ (ഏകദേശം 25.09 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്നാണ് അദ്ദേഹത്തിൻ്റെ ഉപദേഷ്ടാക്കൾ പറയുന്നത്.