ചെന്നൈ : നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) നിർണ്ണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ പാർട്ടി ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യ യോഗമാണിത്.(Crucial TVK executive meeting today, Resuming Vijay's state tour to be discussed)
വിജയുടെ സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. കൂടുതൽ ജില്ലാസെക്രട്ടറിമാരെ ഉൾപ്പെടുത്തി ടി.വി.കെ. കമ്മിറ്റി വിപുലീകരിച്ചിട്ടുണ്ട്.
നേരത്തെ എൻ. ആനന്ദ് പാർട്ടിയിൽ കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ, ടി.വി.കെയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂട്ടായി തീരുമാനിക്കണമെന്ന് വിജയ് നിർദേശം നൽകിയിരുന്നു.
കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് വിജയ്. കരൂർ അപകടത്തിനുശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, സംസ്ഥാനത്തെ കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡി.എം.കെ. സർക്കാരിനെതിരെ രംഗത്തെത്തി.
ചൊവ്വാഴ്ച പുറത്തിറക്കിയ രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. സർക്കാർ കർഷകരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.
ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണ് എന്നും വിജയ് കുറ്റപ്പെടുത്തി. "മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡി.എം.കെ. ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണ്," എന്നും പ്രസ്താവനയിൽ വിജയ് ശക്തമായി പറഞ്ഞു.