ന്യൂഡൽഹി: ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം യോഗത്തിൽ പങ്കെടുക്കും. ഐഎസ്എൽ ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.(Crucial move to resolve ISL crisis, Union Sports Minister calls meeting in Delhi today)
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് പുതുക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് മുൻ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) പിൻമാറിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെയും സ്റ്റാർ സ്പോർട്സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു എഫ്എസ്ഡിഎൽ. പുതിയ സ്പോൺസർമാർക്കായി എഐഎഫ്എഫ് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും രംഗത്തെത്തിയില്ല.
മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ താരങ്ങളും പരിശീലകരും ആശങ്ക അറിയിച്ചതോടെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച യോഗത്തിൽ എഐഎഫ്എഫ് ഭാരവാഹികൾ, ഐഎസ്എൽ ക്ലബ് അധികൃതർ, മുൻ വാണിജ്യ പങ്കാളികൾ എന്നിവർ പങ്കെടുക്കും. സുപ്രീം കോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും യോഗത്തിൽ പങ്കെടുത്തേക്കും.
പുതിയ ടെൻഡർ തയ്യാറാക്കിയ ട്രാൻസാക്ഷൻ അഡ്വൈസറായ കെ.പി.എം.ജി യോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് വ്യക്തത ഇല്ലാത്തതിനാൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും അടക്കമുള്ള പല ക്ലബുകളും തങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്നത്തെ യോഗം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് നിർണായകമാകും.