അമൃത്സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കടന്നുള്ള നിരവധി കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.). പഞ്ചാബിലെ അമൃത്സർ, ഫിറോസ്പൂർ സെക്ടറുകളിൽ നടത്തിയ പ്രത്യേക ഓപ്പറേഷനുകളിലാണ് ഒരു പാകിസ്ഥാൻ ഡ്രോൺ, ആയുധങ്ങൾ, മയക്കുമരുന്നുകൾ എന്നിവ കണ്ടെടുത്തത്. രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലെന്ന് ബി.എസ്.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചു.(Cross-border smuggling, BSF seizes Pakistani drone along Punjab border)
പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബി.എസ്.എഫ്. ജവാൻമാർ ഫിറോസ്പൂർ ജില്ലയിലെ കമൽ വാല ഗ്രാമത്തിനടുത്തുള്ള കാർഷിക മേഖലകളിൽ നടത്തിയ തിരച്ചിലിൽ, കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കരുതുന്ന ഒരു ഡി.ജെ.ഐ. മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെത്തി. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി വേലിക്ക് സമീപമുള്ള കൃഷിയിടത്തിലാണ് ഡ്രോൺ കണ്ടെത്തിയത്.
ഇതേ ദിവസം രാവിലെ, ഫിറോസ്പൂരിലെ രാജാ റായ് ഗ്രാമത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പിസ്റ്റളുകളും ബി.എസ്.എഫ്. ഉദ്യോഗസ്ഥർ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി അമൃത്സർ സെക്ടറിലാണ് മൂന്നാമത്തെ സംഭവം നടന്നത്. ബി.എസ്.എഫ്. നിരീക്ഷണ സംവിധാനങ്ങൾ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
അതിവേഗം പ്രതികരിച്ച ബി.എസ്.എഫ്. ജവാൻമാർ പണ്ടോരി ഗ്രാമത്തിന് സമീപം നടത്തിയ വിപുലമായ തിരച്ചിലിൽ 1.664 കിലോഗ്രാം ഭാരമുള്ള ഒരു പാക്കറ്റ് ഹെറോയിൻ കണ്ടെടുക്കുകയായിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുണ്ടാകുന്ന ഏതൊരു ശ്രമങ്ങളെയും ചെറുക്കാൻ ബി.എസ്.എഫ്. പൂർണ സജ്ജമാണെന്ന് സേന അറിയിച്ചു.