ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ നടുക്കുന്ന സംഭവത്തിൽ മുതലയുടെ ആക്രമണത്തിൽ 57കാരി കൊല്ലപ്പെട്ടു. സൗദാമിനി മഹാല എന്ന സ്ത്രീയാണ് ദാരുണമായി മരിച്ചത്. നദിക്കരയിൽ തുണി അലക്കുന്നതിനിടെയാണ് ഇവരെ മുതല ആക്രമിച്ചത്.
സംഭവത്തിന് ശേഷം, സൗദാമിനിയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്ന മുതലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം കാന്ധിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഖരസ്‌ത്രോത നദിയുടെ തീരത്ത് തുണി അലക്കാനെത്തിയ സൗദാമിനിയെ നിമിഷങ്ങൾക്കകം മുതല അതിവേഗം വന്ന് ആക്രമിക്കുകയും നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
പ്രദേശവാസികൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദൃക്‌സാക്ഷിയായ നബ കിഷോർ മഹാല വ്യക്തമാക്കി. മുതലയുടെ വായിൽ സൗദാമിനിയുടെ കൈയും തലയും ആയ നിലയിലായിരുന്നു. ഈ പ്രദേശങ്ങളിൽ മുതലകളുടെ സാന്നിധ്യം ഭീഷണിയാകുന്നത് പതിവാണെങ്കിലും ഈ ദാരുണ സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.