
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ ഡോക്ടർ ഹൃദയശസ്ത്രക്രിയ നടത്തി ഏഴ് രോഗികൾ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ഒരു മാസത്തിൽ ആശുപത്രിയിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ. ജോൺ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആശുപത്രിയിൽ കയറിക്കൂടിയത്.
പിന്നീട് ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണ സംഘം ആശുപത്രിയിൽ നിന്ന് രേഖകളും പിടിച്ചെടുത്തു. പരിശോധനയിൽ യഥാർഥ കാർഡിയോളജിസ്റ്റിന്റേതിന് സമാനമായ വ്യാജ രേഖകൾ ആൾമാറാട്ടക്കാരൻ സമർപ്പിച്ചതായി കണ്ടെത്തി.
രോഗികളുടെ ബന്ധുക്കളാണ് ഡോക്ടറെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. പിന്നീടാണ് ഇയാൾ വ്യാജമാണെന്ന് മനസിലായത്. വ്യാജ ഡോക്ടറിനെതിരെ ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുമുണ്ടെന്ന് കണ്ടെത്തി.
ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മിഷനറി ആശുപത്രിക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. നിരവധി ആളുകൾ ആശുപത്രിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.