
ന്യൂഡല്‍ഹി: എസ് സി, എസ്ടി വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലെയര്‍) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ത്തന്നെ നിയമം കൊണ്ടുവരണമായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. നിയമനിർമ്മാണത്തിലൂടെ സുപ്രീം കോടതിയുടെ വിധി അസാധുവാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചാണ് വിഷയത്തില്‍ വിധി പറഞ്ഞത്. എസ് സി പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി. എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ളിലെ ക്രീമിലെയറിനെ തിരിച്ചറിയാനും സംവരണ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ നയരൂപവത്കരണം നടത്തണമെന്നായിരുന്നു സുപ്രീം കോടതി ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടിയത്.