ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം തകർച്ചയിലേക്കെന്ന് സൂചന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളിയതോടെയാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾ പുകയുന്നത്. ഇതോടെ കോൺഗ്രസ് ഡിഎംകെ ബന്ധം ഉപേക്ഷിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കുമോ എന്ന ചർച്ചകൾ സജീവമായി.(Crack in DMK-Congress alliance in Tamil Nadu?)
ഭരണം ലഭിച്ചാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം. കോൺഗ്രസ് എംപി മാണിക്കം ടാഗോർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗിരീഷ് ചോദങ്കർ, പിസിസി അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവർ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.
തമിഴ്‌നാട്ടിൽ സഖ്യസർക്കാർ എന്ന രീതിയില്ലെന്നും ഡിഎംകെ എക്കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും മന്ത്രി ഐ. പെരിയസാമി വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഖ്യസർക്കാർ എന്ന നീക്കത്തെ ശക്തമായി എതിർക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി സമവാക്യങ്ങൾ മാറുന്നതിനിടെ തമിഴ്‌നാട്ടിലെ മറ്റു പാർട്ടികളും സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് മുന്നണി വിടുകയാണെങ്കിൽ ഡിഎംകെ സഖ്യത്തിലേക്ക് ചേരാൻ താൽപ്പര്യമുണ്ടെന്ന് എസ്. രാമദോസ് വ്യക്തമാക്കി. ഈ സഖ്യം വിജയിച്ചാൽ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും ബിജെപിക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും നൈനാർ നാഗേന്ദ്രൻ അറിയിച്ചു. എന്നാൽ മന്ത്രിസഭാ പങ്കാളിത്തത്തെ എഐഎഡിഎംകെ പൂർണ്ണമായും അനുകൂലിച്ചിട്ടില്ല.