ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവ് സാമിനേനി രാമറാവു (80) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉറപ്പുനൽകി. മലിനമായ രാഷ്ട്രീയ ആക്രമങ്ങൾക്ക് തെലങ്കാനയിൽ സ്ഥാനമില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.(CPM leader's murder, Telangana Deputy Chief Minister says accused will be arrested soon)
കഴിഞ്ഞ ദിവസമാണ് മധിര നിയോജകമണ്ഡലത്തിലെ ചിന്തകാനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്തർലപാടു ഗ്രാമത്തിൽ രാമറാവുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം.
സിപിഎം നേതാവിന്റെ കൊലപാതകത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി, ക്രമസമാധാനം പാലിക്കാനും കുറ്റവാളികളെ വേഗത്തിൽ പിടികൂടാനും വേഗത്തിൽ നടപടിയെടുക്കാനും പോലീസിന് നിർദ്ദേശം നൽകി.
"അക്രമത്തിന്റെ മലിനമായ രാഷ്ട്രീയത്തിന് സ്ഥാനമില്ല. രാമറാവുവിന്റെ കൊലപാതകത്തിൽ ഞെട്ടലും ദുഃഖവുമുണ്ട്. പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കും," ഉപമുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അക്രമികളെ തിരിച്ചറിയാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.
രാമറാവുവിന്റെ കുടുംബത്തെ ഉപമുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും, സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്നും ഉറപ്പുനൽകി.