ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ വലയത്തിൽ വീണ്ടും വീഴ്ച. ഗൊരഖ്പുരിൽ പാലം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പശു പാഞ്ഞടുത്തു. സംഭവത്തിൽ അശ്രദ്ധ കാട്ടിയ ഗൊരഖ്പുർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തു.(Cow rushes towards Yogi Adityanath, Supervisor suspended for safety lapse)
വെള്ളിയാഴ്ച വൈകുന്നേരം ഗൊരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടന വേദിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പശു വാഹനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് പശുവിനെ തടഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവിഐപി സുരക്ഷാ പരിധിയിൽ മൃഗങ്ങൾ കടന്നുകൂടുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനാണ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ തുടർച്ചയായ വീഴ്ചകൾ സംഭവിക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്. ഡിസംബർ 2-ന് വാരണാസിയിലെ നമോ ഘട്ടിൽ നടന്ന പരിപാടിക്കിടെ മദ്യപിച്ച ഒരാൾ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് വേദിയിലെത്തിയിരുന്നു. ഉത്തർപ്രദേശിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത്.