
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മനുഷ്യ മനസുകളിൽ നിന്ന് തിന്മയെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദീപാവലിആഘോഷിക്കുന്നത്. ഓരോ നഗരത്തിനും ദീപാവലി ആഘോഷം ഓരോ രീതികളിലാണ്. എല്ലാവരും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായി ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഗ്രാമം. തമിഴ്നാട്-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമത്തിൽ പരസ്പ്പരം ചാണകമെറിഞ്ഞ് ദീപാവലിക്ക് അവസാനം കുറിക്കുന്നത്.
ദീപാവലി കഴിഞ്ഞ് മൂന്നാം ദിവസമാണ് ഇവിടെ ‘ഗോരെഹബ്ബ ഉത്സവം’ ആഘോഷിക്കുന്നത്. ഗ്രാമീണരുടെ ദൈവമായ ‘ബീരേഷ്വര സ്വാമി’ പശുവിന്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഗോരെഹബ്ബ ഉത്സവത്തിന് ഏതാണ്ട് 300 വർഷത്തിലേറെ പഴക്കമുണ്ട്.
ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ചാണകം ശേഖരിച്ച് ട്രാക്ടറുകളിൽ ബീരേശ്വര സ്വാമി ക്ഷേത്രത്തിന്റെ പിൻഭാഗത്ത് എത്തിക്കുന്നു. പൂജയ്ക്ക് ശേഷം എല്ലാ പ്രായത്തിലുള്ള പുരുഷൻമാർ ചാണകം പരസ്പരം എറിയുന്നു. ഒരു മണിക്കൂറിന് ശേഷം, പങ്കെടുത്ത എല്ലാവരും ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതോടെ ഈ ഉത്സവത്തിന് സമാപനം കുറിക്കും.