ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി കുറ്റമറ്റ നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. നിലവിലെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഇതിനായി നയം ആവിഷ്കരിക്കണം. ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.(Covid vaccine deaths and health problems, Supreme Court directs Center to formulate policy for compensation)
വാക്സിൻ നിർമ്മാണത്തിലോ വിതരണത്തിലോ പിഴവ് സംഭവിച്ചെന്ന് തെളിയിക്കപ്പെട്ടില്ലെങ്കിൽ പോലും, പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം നയം രൂപീകരിക്കേണ്ടത്. നഷ്ടപരിഹാര തുകയുടെ കാര്യത്തിലും അർഹരായവരെ കണ്ടെത്തുന്നതിലും കേന്ദ്രസർക്കാരിന് അന്തിമ തീരുമാനമെടുക്കാം.
കോടതി നിർദ്ദേശിക്കുന്ന ഈ നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് തടസ്സമാകില്ല. നഷ്ടപരിഹാരം സ്വീകരിക്കുന്നവർക്കും മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. ദുരന്തനിവാരണ നിയമപ്രകാരം വാക്സിൻ മരണങ്ങൾക്ക് നിലവിൽ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകളില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

