

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 16 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദമ്പതികളെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ധർമേന്ദ്ര രാമശങ്കർ സോണി (54), ഭാര്യ കിരൺ ധർമേന്ദ്ര സോണി (50) എന്നിവരെ മീരാ-ഭയന്ദർ വസായ്-വിരാർ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
2009 ഏപ്രിലിൽ മുംബൈയ്ക്ക് സമീപമുള്ള നളസോപാര ഈസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദമ്പതികളടക്കം നാല് പേർക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. അന്ന് ഒരാളെ പോലീസ് പിടികൂടിയെങ്കിലും സോണി ദമ്പതികളും മറ്റൊരു പ്രതിയും ഒളിവിൽ പോവുകയായിരുന്നു.
ക്രൈം ബ്രാഞ്ച് കേസ് പുനഃപരിശോധിക്കുകയും നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ ദമ്പതികൾ ഇൻഡോറിലെ മൗ ഗ്രാമത്തിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇവരെ മഹാരാഷ്ട്രയിലെത്തിച്ചു. കോടതി പ്രതികളെ ഡിസംബർ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ നാലാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
A couple was arrested from Madhya Pradesh's Indore district for their alleged involvement in the murder of a real estate agent in Maharashtra's Palghar 16 years ago. The murder, which occurred in April 2009 in Nalasopara East, was reportedly triggered by a dispute over brokerage money. After reopening the cold case, the Mira-Bhayandar, Vasai-Virar Crime Branch tracked down the suspects who had been absconding since the incident.