
ചെന്നൈ : ചെന്നൈയിൽ കുടുംബവഴക്കിനെത്തുടർന്ന് കൗൺസിലറെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ വെസ്റ്റേൺ സബ്അർബിലെ തിരുവള്ളൂർ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്.
സംഭവത്തിൽ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതി(38)യെയാണ് ഭർത്താവ് സ്റ്റീഫൻ രാജ് കൊലപ്പെടുത്തിയത്. വിസികെ പാർടി അംഗങ്ങളാണ് ഗോമതിയും ഭർത്താവും.
വെള്ളിയാഴ്ച തിരുനിന്ദ്രാവൂരിലെ പെരിയാർ കോളനിയിലെ വീടിനടുത്ത് വെച്ചാണ് സ്റ്റീഫൻ ഗോമതിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. കുറച്ചുനാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്തത്തിൽ കുളിച്ച നിലയിലാണ് ഗോമതിയെ പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം രാജ് പോലീസിൽ കീഴടങ്ങിയിരുന്നു.