
ചെന്നൈ: സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ മൂന്ന് ലക്ഷം രൂപ വായ്പ നൽകുന്ന പദ്ധതി സഹകരണ ബാങ്കുകളിൽ ആരംഭിച്ചു.
തമിഴ്‌നാട്ടിൽ സഹകരണ വകുപ്പിന് കീഴിൽ 23 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും 933 ശാഖകളും പ്രവർത്തിക്കുന്നുണ്ട്. ആഭരണ വായ്പകൾ, വിള വായ്പകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ അവർ വായ്പ നൽകി വരുന്നുണ്ട്.
ആദ്യമായി, വാഹന വായ്പാ വിഭാഗത്തിലേക്കും ബാങ്കുകൾ കടക്കുകയാണ്, കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്ക് മോട്ടോർ ബൈക്കുകളും കാറുകളും വാങ്ങുന്നതിന് വായ്പ നൽകുന്നതിനായി ഒരു വായ്പാ പദ്ധതി ആരംഭിച്ചിരുന്നു. വാഹന മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ നൽകുന്നതായിരുന്നു പദ്ധതി. ഈ പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 1,500 പേർക്ക് 2 കോടി രൂപയുടെ വായ്പ നൽകി.
ഇതിനു പിന്നാലെയാണ് വ്യക്തികൾക്കും വാഹന വായ്പ നൽകാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ വീതം വായ്പ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു. ഈ വർഷം 1,000 സ്ത്രീകൾക്ക് വായ്പ നൽകാണാന് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
"സ്ത്രീകൾക്ക് 9 ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ നൽകും. വാഹന വില വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഉൾപ്പെടെയുള്ള പ്രസക്തമായ രേഖകളുമായി അവർ സഹകരണ ബാങ്കുകളെ സമീപിച്ചാൽ വായ്പ നൽകാൻ നടപടിയെടുക്കും," എന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.