'ഹിന്ദു മൂല്യങ്ങളുടെ പ്രതീകം, പതിറ്റാണ്ടുകളുടെ മുറിവാണ് ഉണങ്ങുന്നത്': അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായി, 191 അടി ഉയരത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി | Ram temple
അയോധ്യ: രാമക്ഷേത്ര നിർമ്മാണം പൂർത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ ധ്വജാരോഹണ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകമാണെന്നും, പതിറ്റാണ്ടുകളുടെ മുറിവാണ് ഇതോടെ ഉണങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.(Construction of Ram temple in Ayodhya has been completed, PM Narendra Modi hoists flag 191 feet high)
രാമക്ഷേത്രത്തിന് സമീപം സജ്ജമാക്കിയ 191 അടി ഉയരമുള്ള കൊടിമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതും ചേർന്നാണ് പതാക ഉയർത്തിയത്. "ഇതൊരു വെറും പതാകയല്ല, ഭാരതീയ സംസ്കാരത്തിൻ്റെയും ഇന്ത്യയുടെ സാംസ്കാരിക ഉണർവിൻ്റെയും പ്രതീകം കൂടിയാണ്." സംഘർഷ കാലഘട്ടത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22 അടി നീളവും 11 അടി വീതിയുമുള്ള പതാകയിൽ സൂര്യൻ, ഓം, കൊവിദാർ മരം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ പാരച്യൂട്ട് കമ്പനിയിൽ 25 ദിവസമെടുത്താണ് ഈ പതാക നിർമ്മിച്ചത്. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതും ചടങ്ങിൽ സംസാരിച്ചു, അയോധ്യയിലെ പതാക സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ചിഹ്നമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
2020 മാർച്ചിൽ തുടങ്ങിയ ക്ഷേത്ര നിർമ്മാണത്തിനാണ് ഇതോടെ സമാപ്തിയായിരിക്കുന്നത്. രാവിലെ അയോധ്യയിൽ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. ക്ഷേത്ര നഗരിയിലെ ഉപക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം രാമക്ഷേത്രത്തിലെ പൂജകളിലും ധ്വജാരോഹണ ചടങ്ങിലും പങ്കെടുത്തത്.
നിർമ്മാണം പൂർത്തിയാക്കിയെന്ന പ്രഖ്യാപനം ദർശനത്തിനെത്തുന്നവരുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റിൻ്റെ പ്രതീക്ഷ. കൂടുതൽ നിക്ഷേപം അയോധ്യയിലെത്തിച്ച് ക്ഷേത്ര നഗരിയുടെ അടുത്ത ഘട്ട വികസനവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിഗണനയിലുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും അയോധ്യ ക്ഷേത്രം ബി.ജെ.പി.യുടെ പ്രധാന അജണ്ടയായി തുടരും.
