ലഖ്‌നൗ: രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി അവകാശ കേസിൽ സുപ്രീം കോടതി വിധി വന്ന് ആറ് വർഷങ്ങൾക്ക് ശേഷവും അയോധ്യയിലെ നിർദ്ദിഷ്ട ധന്നിപൂർ പള്ളിയുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, അയോധ്യ പട്ടണത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ധന്നിപൂരിലാണ് സുന്നി വഖഫ് ബോർഡിന് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചത്.(Construction of mosque in Ayodhya has not yet begun 6 years after the verdict)
പള്ളി നിർമ്മാണത്തിനായി ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും നിർമ്മാണത്തിന് തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല. പള്ളി സമുച്ചയത്തിൽ മ്യൂസിയം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിർദ്ദിഷ്ട ആധുനിക മോഡലിനെതിരെ സമുദായത്തിനുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നതിനെ തുടർന്ന് പരമ്പരാഗത ശൈലിയിൽ പള്ളി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
പള്ളിയുടെ പ്ലാനിന് അയോധ്യ വികസന അതോറിറ്റി ഇതുവരെ അനുമതി നൽകിയിട്ടില്ല. കൂടാതെ, അഗ്നിശമന വകുപ്പ് ഉൾപ്പെടെയുള്ളവർ നിരവധി എതിർപ്പുകൾ ഉന്നയിക്കുകയും വിസമ്മതം അറിയിക്കുകയും ചെയ്തിരുന്നു. പുതുക്കിയ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ എ.ഡി.എയ്ക്ക് സമർപ്പിക്കുമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.
എ.ഡി.എ. അനുമതി നൽകുകയും പ്ലാൻ തയ്യാറാക്കുകയും ചെയ്താൽ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഏപ്രിലിൽ ആരംഭിച്ചേക്കാമെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ സുഫർ ഫാറൂഖി അറിയിച്ചു. അതേസമയം, പള്ളിയുടെ നിർമ്മാണത്തിലെ കാലതാമസത്തിൽ സമുദായം ആശങ്കപ്പെടുന്നില്ലെന്നാണ് രാമജന്മഭൂമി-ബാബറി മസ്ജിദ് ടൈറ്റിൽ കേസുകളിലെ പ്രധാനിയായ ഇഖ്ബാൽ അൻസാരിയുടെ പ്രതികരണം. "ധന്നിപൂരിൽ ഒരു പള്ളി പണിയേണ്ട ആവശ്യമില്ല. അയോധ്യയിൽ എല്ലാ മതസ്ഥർക്കും ആരാധനാലയങ്ങളുണ്ട്," അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ നിന്നുള്ള ഭൂരിഭാഗം മുസ്ലീങ്ങളും അയോധ്യയിൽ നിന്ന് വളരെ അകലെയുള്ള ധന്നിപൂർ പള്ളിയിൽ പ്രാർത്ഥന നടത്താൻ വരാൻ സാധ്യതയില്ലെന്ന് അയോധ്യ വഖഫ് കമ്മിറ്റി ഭാരവാഹിയും അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്. എങ്കിലും, എ.ഡി.എ. അനുമതി ലഭിച്ചതിന് ശേഷം പള്ളി നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.