

ചെന്നൈ: സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശം നേടുംവരെ വിശ്രമമില്ലെന്നും സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.(Constitutional amendment needed regarding Governor's time limit for bills, says MK Stalin)
രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി നൽകിയ മറുപടി, തമിഴ്നാട് ഗവർണർക്കെതിരായ ഏപ്രിലിലെ വിധിയെ ബാധിക്കില്ലെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. തമിഴ്നാട് ഗവർണറുടെ വാദങ്ങൾ തള്ളുന്നതാണ് ഭരണഘടനാ ബെഞ്ചിൻ്റെ നിരീക്ഷണങ്ങൾ. ഇനിമുതൽ സംസ്ഥാന സർക്കാരുകളുടെ ഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ നിർബന്ധിതരാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഉപദേശ സ്വഭാവത്തിലുള്ള നിരീക്ഷണങ്ങളുടെ പരിമിതിയെക്കുറിച്ച് 1974-ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധിയുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് തള്ളി. ഭരണഘടനയിൽ ഇല്ലാത്ത ഒരു കാര്യം കോടതിക്ക് നിർദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ വ്യക്തമാക്കി.
എന്നാൽ, രാഷ്ട്രപതിയും ഗവർണറും ന്യായീകരണമില്ലാതെ ബില്ലുകൾ പിടിച്ചു വെച്ചാൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് നിരീക്ഷിച്ചു. ഗവർണർ ഒപ്പു വയ്ക്കാത്ത തമിഴ്നാട്ടിലെ ബില്ലുകൾക്ക് കോടതി അംഗീകാരം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.