"നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം"; പിണറായി വിജയൻ | Pinarayi Vijayan

"ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല, അതു സംസ്ഥാനങ്ങളുടെ അവകാശമാണ്’’
Pinarayi
Published on

ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയ്ക്കു ഗുണകരമാകും എന്നതുകൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും അവരെ പുറത്താക്കിയതെന്നും ബിജെപി ഓർമിപ്പിച്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി പിണറായി.

ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും പിണറായി പറഞ്ഞു. കേരളത്തിലെ കുടുംബശ്രീയും തമിഴ്നാടിന്റെ സ്കൂളുകളിലെ ഉച്ചയൂണ് സംവിധാനവും മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കിയിട്ടുണ്ട്. കേന്ദ്രീകൃത നീക്കം അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. സാംസ്കാരിക ഭൂപ്രകൃതിയെ പാർശ്വവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകി.

‘‘ഒരു ഭാഗത്ത് ജനസംഖ്യാ നിയന്ത്രണത്തെ മികച്ച രീതിയിൽ നടപ്പാക്കിയതിൽ കേന്ദ്രസർക്കാർ ഞങ്ങളെ പുകഴ്ത്തുന്നു. മറുഭാഗത്ത് ജനസംഖ്യ കുറവാണെന്നു പറഞ്ഞു നമുക്കുള്ള പണം തരാതിരിക്കുന്നു. 1976ലെ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തു മുഴുവൻ നടപ്പാക്കാൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് അതു ഫലപ്രദമായി നടപ്പാക്കിയത്. ഇടുങ്ങിയ രാഷ്ട്രീയ മനസ്സുമായാണ് ബിജെപി മണ്ഡല പുനർനിർണയ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് ഈ മണ്ഡല പുനർനിർണയം.’’ – പിണറായി വിജയൻ പറഞ്ഞു.

‘‘സെൻസസ് നടപ്പാക്കാത്തതിനാൽ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കുന്നത്? കഴിഞ്ഞ സെൻസസിൽ വെറും നാലുശതമാനത്തിന്റെ ജനസംഖ്യാ വർധനയേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. അമിത് ഷാ സംസാരിക്കുന്ന പ്രോ റാറ്റ ബേസിസ് എന്താണ്? ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല, അതു സംസ്ഥാനങ്ങളുടെ അവകാശമാണ്’’ – പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു യോഗം നടത്തിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com