മണ്ഡല പുനർനിർണയം; ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വർധിപ്പിക്കണം - രേവന്ത് റെഡ്ഡി | Constituency re-delimitation

ദേശീയ ഖജനാവിലേക്ക് കൂടുതൽ സംഭാവന ചെയ്യുന്നുണ്ട്, തിരിച്ചു ലഭിക്കുന്നത് വളരെക്കുറവ്
Revanth Reddy
Updated on

ചെന്നൈ: ജനസംഖ്യാപരമായി ശിക്ഷ ഏർപ്പെടുത്തുകയാണ് ബിജെപി എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച മണ്ഡല പുനർനിർണയത്തിനെതിരെയുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒഡീഷയും പഞ്ചാബും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കണം. ബിജെപി ജനസംഖ്യാപരമായ ശിക്ഷയേർപ്പെടുത്തുകയാണ്. 1976 ൽ ഇന്ത്യ കുടുംബാസൂത്രണം നടപ്പാക്കിയപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് അതു മികച്ച രീതിയിൽ നടപ്പാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ അതിൽ പരാജയപ്പെട്ടു." - റെഡ്‌ഡി പറഞ്ഞു.

"ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സാമ്പത്തിക വളർച്ച വേഗത്തിൽ കൈവരിച്ചു, ജിഡിപി വർധിച്ചു, ആളോഹരി വരുമാനത്തിൽ ഉയർച്ച നേടി, തൊഴിലവസരം, മികച്ച അടിസ്ഥാന സൗകര്യ വികസനം, മികച്ച ഭരണനിർവഹണം, മികച്ച ക്ഷേമപദ്ധതികൾ തുടങ്ങിയവയും നേടി. ദേശീയ ഖജനാവിലേക്ക് കൂടുതൽ സംഭാവന ചെയ്യുന്നുണ്ടെങ്കിലും തിരിച്ചു വളരെക്കുറവാണ് ലഭിക്കുന്നത്.’’ – അദ്ദേഹം പറഞ്ഞു.

‘‘നിലവിൽ ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനർനിർണയം നടപ്പാക്കണമെന്ന് വാശിയാണെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33% ആക്കി വർധിപ്പിക്കണം. തെലങ്കാന നിയമസഭയിൽ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരും.’’ – രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

വിഷയത്തിൽ നാലു നിർദേശങ്ങൾ രേവന്ത് റെഡ്‌ഡി മുന്നോട്ടുവച്ചു

ലോക്സഭാ സീറ്റുകൾ വർധിപ്പിക്കരുത്, മണ്ഡല പുനർനിർണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക.

ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല.

പ്രോ–റാറ്റ ഫോർമുല അംഗീകരിക്കാനാകില്ല, അതു രാഷ്ട്രീയമായി ഞങ്ങളെ ബാധിക്കും.

വാജ്പേയിയുടെ നയം പിന്തുടരുക, 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം നടപ്പാക്കരുത്.

Related Stories

No stories found.
Times Kerala
timeskerala.com