
ചെന്നൈ: റെഡ് ഹിൽസിന് സമീപം അമ്മായിയമ്മയുടെ ശകാരത്തിൽ മനംനൊന്ത് മരുമകൾ ആത്മഹത്യ ചെയ്തു. റെഡ് ഹിൽസിനടുത്തുള്ള മോണ്ടിയാമ്മൻ നഗറിലെ ഔൻസാങ് സ്ട്രീറ്റിൽ നിന്നുള്ള അശ്വിൻരാജിന്റെ ഭാര്യ അനുപ്രിയ (27) ആണ് ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പ് മുതിർന്നവരുടെ അനുമതിയോടെയായിരുന്നു ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള ഒരു മകളുണ്ട്. തിങ്കളാഴ്ച രാവിലെ ഒരുകാരണവും ഇല്ലാതെ അനുപ്രിയയെ അമ്മായിഅമ്മ ശാസിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുണ്ട്.
ഇതിൽ മനംനൊന്ത് അനുപ്രിയ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് തന്റെ സാരി ഉപയോഗിച്ച് ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ റെഡ് ഹിൽസ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.