
പട്ന : ഭാര്യയുടെയും, ഭാര്യാ സഹോദരിയുടെയും പീഡനത്തിൽ മനംനൊന്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തു.ബീഹാറിലെ ശിവഹാറിൽ ആണ് സംഭവം. തരിയാനി ഛപ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ ദേര തോലയിൽ താമസിക്കുന്ന 25 കാരനായ ധീരജ് കുമാറിനെ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിക്കാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിന് ശേഷം കുടുംബാംഗങ്ങൾക്കിടയിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്. മരിച്ച യുവാവും ഭാര്യയും തമ്മിൽ വാക്ക് തർക്കമോ മറ്റു പ്രശനങ്ങളോ ഉണ്ടാകുമ്പോൾ, ഭാര്യയുടെ സഹോദരി ഇവരുടെ വീട്ടിൽ എത്തുകയും ഇരുവരും ചേർന്ന് യുവാവിനെ മർദിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ഗ്രാമവാസികളും പറയുന്നു.