Karur stampede : 'ഇതെന്താ ആംബുലൻസിൽ നമ്മുടെ കൊടി?': വിവാദങ്ങൾക്ക് തീ പടർത്തി വിജയുടെ ചോദ്യം
ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) റാലിയിൽ 39 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിൽ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ.പളനിസ്വാമി വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന് ശേഷം സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ കാണുകയും ചെയ്ത മുൻ മുഖ്യമന്ത്രി, ആംബുലൻസുകൾ പാഞ്ഞുകയറുന്നത് കണ്ടെന്ന റിപ്പോർട്ടുകളിൽ സംശയം ഉന്നയിച്ചു.(Conspiracy behind actor Vijay’s Karur rally stampede?)
വിജയ് റാലിയിൽ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് വേദിയിലെ ലൈറ്റുകൾ അണഞ്ഞതായി ഊഹാപോഹങ്ങളുണ്ടെന്ന് ഇപിഎസ് എന്നറിയപ്പെടുന്ന എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. വിജയ് സംസാരിച്ചു തുടങ്ങിയതിന് തൊട്ടുപിന്നാലെ കയ്യാങ്കളിയുണ്ടായി. "വിജയ് സംസാരിച്ചുകൊണ്ടിരിക്കെ നിരവധി ആംബുലൻസുകൾ എത്തി. ഇതെല്ലാം സംശയം ജനിപ്പിക്കുന്നു. അതിനാൽ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം," ഇപിഎസ് പറഞ്ഞു.
ആംബുലൻസുകൾ വരുന്നത് കണ്ട് ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് വേദിയിലിരുന്ന വിജയ് പ്രസംഗം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. അദ്ദേഹത്തിന് ഉടൻ തന്നെ സംശയം തോന്നി, "ഇതെന്താ ആംബുലൻസിൽ നമ്മുടെ കൊടി?" വിജയ് ചോദിക്കുകയും ചെയ്തു. അതേസമയം, ആംബുലൻസുകൾ എത്തിയ കാര്യത്തിൽ അധികൃതർ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.