ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഉണ്ടാക്കിയ ധാരണ ഗവർണർ ഔദ്യോഗികമായി സുപ്രീം കോടതിയെ അറിയിച്ചു. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു.(Consensus on VC appointment, Governor submits affidavit in Supreme Court)
വിസി നിയമന കാര്യത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായ ധാരണകൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 14-ന് നടന്ന ഗവർണർ-മുഖ്യമന്ത്രി ചർച്ചയിലാണ് ഈ സമവായമുണ്ടായത്. ഡോ. സിസ തോമസ്, ഡോ. സജി ഗോപിനാഥ് എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുകളുടെ പകർപ്പും ഗവർണർ കോടതിക്ക് കൈമാറി.
സുപ്രീം കോടതി നേരത്തെ നൽകിയ നിർദ്ദേശപ്രകാരം ഈ കാര്യങ്ങൾ ജസ്റ്റിസ് ധൂലിയെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഗവർണർക്ക് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഗവർണറും സർക്കാരും തമ്മിലുള്ള നീണ്ടകാലത്തെ നിയമപോരാട്ടത്തിന് ഇതോടെ അയവ് വരുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, സാങ്കേതിക സർവകലാശാല (KTU) വൈസ് ചാൻസലറായി ഡോ. സിസ തോമസ് ഇന്ന് അധികാരമേറ്റു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ഗവർണർ-സർക്കാർ പോരിനും ഒടുവിൽ സമവായത്തിലൂടെയാണ് നിയമനം നടന്നത്. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഡോ. സിസ തോമസ്, സർവകലാശാലയുടെ പുരോഗതിക്കായി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
ചുമതലയേറ്റതിൽ വലിയ സന്തോഷമുണ്ട്. ഇപ്പോൾ ലഭിച്ച സ്വീകരണത്തിൽ സംതൃപ്തി തോന്നുന്നു. "പഴയത് ഓർക്കേണ്ടതില്ല" എന്ന ചിന്താഗതിയാണ് തനിക്കുള്ളതെന്നും കഴിഞ്ഞ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിൽ അവർ വേദന പ്രകടിപ്പിച്ചു. മിനുട്സ് മോഷ്ടിച്ചു എന്ന് വരെ തനിക്കെതിരെ ആരോപണം വന്നു. ഞാൻ ഒന്നും എടുത്തുകൊണ്ടുപോയിട്ടില്ല. എന്തിനാണ് എന്നെ ഒരു മോഷ്ടാവായി ചിത്രീകരിക്കുന്നത്? അത്തരം പ്രസ്താവനകൾ വലിയ വിഷമം ഉണ്ടാക്കുന്നു," സിസ തോമസ് പറഞ്ഞു.
സിസ തോമസ് എന്ന വ്യക്തിയല്ല, മറിച്ച് കെടിയു എന്ന സ്ഥാപനമാണ് വലുതെന്ന് അവർ ഓർമ്മിപ്പിച്ചു. വ്യക്തിപരമായ തർക്കങ്ങൾ സ്ഥാപനത്തിന്റെ വളർച്ചയെ ബാധിക്കരുത്. സർവകലാശാലയിൽ ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും നിലവിലുള്ള അപാകതകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. വിസി നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുണ്ടായ വിട്ടുവീഴ്ചയുടെ ഫലമായാണ് പുതിയ വിസി നിയമനങ്ങൾ നടന്നത്.