ന്യൂഡൽഹി: റഷ്യയിൽ പഠനത്തിനായി പോയി ചതിയിൽപ്പെട്ട് റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടി വന്ന ഗുജറാത്ത് സ്വദേശി സഹീൽ മുഹമ്മദ് ഹുസൈൻ സഹായം അഭ്യർത്ഥിച്ച് രംഗത്ത്. യുക്രൈൻ സൈന്യത്തിന്റെ പിടിയിലായ സഹീൽ, തന്നെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ സർക്കാരിനോടും വീഡിയോ സന്ദർശത്തിലൂടെ അപേക്ഷിച്ചു.(Conscripted into Russian army, Indian student in Ukraine for asking for help)
ഗുജറാത്തിലെ മോർബി സ്വദേശിയായ സഹീൽ 2024-ലാണ് പഠനത്തിനായി റഷ്യയിലെത്തിയത്. വിസ സംബന്ധമായ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നതിനിടെ റഷ്യൻ പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കി. ജയിലിൽ പോകാതിരിക്കണമെങ്കിൽ റഷ്യൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു പോലീസിന്റെ നിബന്ധന.
വെറും 15 ദിവസത്തെ പേരിനു മാത്രമുള്ള പരിശീലനത്തിന് ശേഷം തന്നെ യുദ്ധത്തിന്റെ മുൻനിരയിലേക്ക് അയച്ചു. യുദ്ധമുഖത്തെത്തിയ ഉടൻ തന്നെ താൻ യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്ന് സഹീൽ വെളിപ്പെടുത്തി. റഷ്യൻ സൈന്യത്തിൽ ഒരു കാരണവശാലും ചേരരുതെന്ന് സഹീൽ ഇന്ത്യൻ യുവാക്കളോട് അഭ്യർത്ഥിച്ചു. തന്നെപ്പോലെ കുറഞ്ഞത് 700 പേരെയെങ്കിലും റഷ്യ ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയിട്ടുണ്ടെന്നും നിരവധി തട്ടിപ്പുകാർ അവിടെ വിദേശികളെ കാത്തിരിക്കുകയാണെന്നും യുവാവ് മുന്നറിയിപ്പ് നൽകി.
സഹീലിനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഡൽഹി കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസ് ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും. അടുത്തിടെ ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ചർച്ച ചെയ്തിരുന്നു.
റഷ്യൻ സായുധ സേനയിൽ ചേർന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാൻ ഇന്ത്യ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. അനാവശ്യ വാഗ്ദാനങ്ങളിൽ വീണ് ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകരുതെന്നും മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.