ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ-യുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ഡി.എം.കെ-യുമായുള്ള നിലവിലെ സഖ്യം തുടരാൻ എ.ഐ.സി.സി നേതൃത്വം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.(Congress will not join hands with TVK in Tamil Nadu, DMK alliance will continue)
ഡി.എം.കെ-യുമായി ഭിന്നതയുണ്ടെന്ന രീതിയിലുള്ള പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകി. തമിഴ്‌നാട് മന്ത്രിസഭയിൽ കോൺഗ്രസിന് പങ്കാളിത്തം ലഭിക്കാത്തതിൽ സംസ്ഥാന നേതാക്കൾക്ക് പരാതിയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനും, വിജയിക്കുന്ന സീറ്റുകളുടെ എണ്ണം മുൻനിർത്തി മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്താനും യോഗത്തിൽ ധാരണയായി.
കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച് 18 ഇടത്ത് ജയിച്ച കോൺഗ്രസ്, ഇത്തവണ കൂടുതൽ സീറ്റുകൾ ഡി.എം.കെ-യോട് ആവശ്യപ്പെടും. താഴെത്തട്ടിലുള്ള അണികളുടെ വികാരം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.