പട്‌ന: ബിഹാറിലെ ആകെയുള്ള ആറ് കോൺഗ്രസ് എംഎൽഎമാരും എൻഡിഎയിൽ ചേരുമെന്ന റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരമ്പരാഗത 'ദഹി-ചുര' വിരുന്നിൽ നിന്ന് ആറ് എംഎൽഎമാരും വിട്ടുനിന്നതാണ് അഭ്യൂഹങ്ങൾക്ക് ആധാരം.(Congress to split in Bihar? Indications that MLAs will join NDA)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഔദ്യോഗിക പരിപാടിയിൽ നിന്നാണ് എംഎൽഎമാർ വിട്ടുനിൽക്കുന്നത്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലും ഇവരിൽ പകുതിയോളം പേർ പങ്കെടുത്തിരുന്നില്ല.
ജനുവരി 14-ന് 'ഖർമ്സ്' അവസാനിക്കുന്നതോടെ കോൺഗ്രസ് എംഎൽഎമാർ എൻഡിഎയുടെ ഭാഗമാകുമെന്ന് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് അവകാശപ്പെട്ടു. കോൺഗ്രസിന് പുറമെ നിരവധി ആർജെഡി എംഎൽഎമാരും ബിജെപി നേതാക്കളുമായി സമ്പർക്കത്തിലാണെന്ന് മുൻ കേന്ദ്രമന്ത്രി രാം കൃപാൽ യാദവ് പറഞ്ഞു.
അഭ്യൂഹങ്ങൾ ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം തള്ളിക്കളഞ്ഞു. എംഎൽഎമാർക്ക് മറ്റ് സ്വകാര്യ തിരക്കുകൾ ഉള്ളതുകൊണ്ടാണ് വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നും രാഷ്ട്രീയ എതിരാളികൾ മനപ്പൂർവ്വം പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും കൂറുമാറ്റ വാർത്തകൾ നിഷേധിച്ചു.