ഭോപ്പാൽ: സംസ്ഥാന സർക്കാരിന്റെ അശ്രദ്ധ മൂലമാണ് വിഷാംശം കലർന്ന കഫ് സിറപ്പ് കഴിച്ച് 20-ലധികം കുട്ടികൾ മരിക്കാൻ കാരണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതു പട്വാരി ശനിയാഴ്ച ആരോപിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും മരണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Cough syrup deaths)
ഇത് മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഡ്രഗ് കൺട്രോളറിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിർമ്മിച്ച കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതുമായി ബന്ധപ്പെട്ട വൃക്ക തകരാറുകൾ മൂലം മധ്യപ്രദേശിൽ നിന്നുള്ള കുറഞ്ഞത് 22 കുട്ടികളെങ്കിലും ഇതുവരെ മരണമടഞ്ഞിട്ടുണ്ട്. കൂടുതലും ചിന്ദ്വാരയിൽ നിന്നുള്ളവരാണ്. മറ്റു ചില കുട്ടികൾ നിലവിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആശുപത്രികളിൽ ചികിത്സയിലാണ്.