ന്യൂഡൽഹി: പോളിംഗ് സ്റ്റേഷനുകളിലെ വെബ്‌കാസ്റ്റിംഗും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിടണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ പാടെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ(Rahul Gandhi). വോട്ടർമാരുടെ സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയതെന്ന് കമ്മീഷൻ വ്യക്തമാക്കി. ആഭ്യന്തര നിരീക്ഷണത്തിനായി മാത്രമാണ് ദൃശ്യങ്ങൾ പകർത്തുന്നതെന്നും 45 ദിവസത്തേക്ക് സൂക്ഷിക്കുമെന്നും ആവശ്യം വന്നാൽ കോടതികൾക്ക് മാത്രമേ ഇത് പങ്കിടൂവെന്നും കമ്മീഷൻ വെളിപ്പെടുത്തി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തിടെ അവസാനിച്ച തിരഞ്ഞെടുപ്പുകൾക്കായി വോട്ടെടുപ്പ് കമ്മീഷൻ ഏകീകൃത, ഡിജിറ്റൽ, മെഷീൻ റീഡബിൾ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതികരണമറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസത്തിനു ശേഷം നശിപ്പിക്കുന്നത് "തെളിവുകൾ ഇല്ലാതാക്കാനുള്ള" ഒരു മാർഗമാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു.