
ബെംഗളൂരൂ: ദേശീയപതാക കൈയില്‍ പിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റിയതായി ആരോപണം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചു മാറ്റാന്‍ തുടങ്ങുമ്പോള്‍ കൈയില്‍ ഇന്ത്യന്‍ പതാക പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് സുരക്ഷാസംഘത്തിലൊരാള്‍ പ്രവര്‍ത്തകനില്‍ നിന്ന് പതാക വാങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. സിദ്ധരാമയ്യയുടെ നടപടി അപലനീയമാണെന്നും ദേശീയ പതാകയെ അപമാനിച്ചെന്നുമാണ് വിമര്‍ശനം.