'അച്ചടക്കം പാലിക്കണം': അദ്വാനിയെ പ്രശംസിച്ച സംഭവത്തിൽ ശശി തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം | Congress
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ആധുനിക ഇന്ത്യയെ രൂപീകരിക്കുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണ് എന്ന തരൂരിന്റെ അഭിപ്രായമാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.(Congress leadership rejects Shashi Tharoor's praise for Advani)
98-ാം ജന്മദിനം ആഘോഷിക്കുന്ന എൽ.കെ. അദ്വാനിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിലാണ് തരൂർ ഈ പുകഴ്ത്തൽ നടത്തിയത്. എന്നാൽ, പ്രസ്താവനയ്ക്കെതിരെ പാർട്ടിയിൽ നിന്നും പുറത്തു നിന്നും വിമർശനങ്ങൾ ഉയർന്നതോടെ തരൂർ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി.
"ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് ജവഹർലാൽ നെഹ്റുവിനേയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുത്. അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളേയും കാണേണ്ടത്," എന്നായിരുന്നു തരൂരിന്റെ വിശദീകരണം. ഈ താരതമ്യം കോൺഗ്രസിനെ കൂടുതൽ പ്രകോപിപ്പിച്ചു.
തരൂരിന്റെ പ്രസ്താവനയോട് കോൺഗ്രസ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പാർട്ടി വക്താവ് പവൻ ഖേരയാണ് നേതൃത്വത്തിന്റെ അതൃപ്തി പരസ്യമാക്കിയത്. "എപ്പോഴത്തെയും പോലെ തരൂരിന്റെ പ്രസ്താവനയോട് വിയോജിക്കുന്നു. കോൺഗ്രസിന്റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അംഗമായ ശശി തരൂരിന് ബാധ്യതയുണ്ട്," പവൻ ഖേര ഓർമ്മിപ്പിച്ചു.
മുൻപും പല വിഷയങ്ങളിലും തരൂർ സ്വീകരിച്ച നിലപാടുകൾ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരിക്കെ തരൂർ നടത്തുന്ന ഇത്തരമൊരു പുകഴ്ത്തൽ രാഷ്ട്രീയമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്.

