ഭോപാൽ: അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന ബിജെപി സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിൽ ഊതൽ. മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധവുമായി കോൺഗ്രസ്. മധ്യപ്രദേശിൽ പ്രതിപക്ഷ നേതാവ് ഉമങ് സിംഗാർ നിയമസഭാ മന്ദിരത്തിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ എംഎൽഎ ദിനേഷ് ജയിൻ കുംഭകർണന്റെ വേഷം കെട്ടി ഉറങ്ങി. മറ്റ് എംഎൽഎമാർ കുംഭകർണനെ ഉണർത്താനായി കുഴലൂതി.
അഴിമതിക്കേസുകൾ ഓരോന്നായി പുറത്തുവരുമ്പോഴും ബിജെപി സർക്കാർ ഉറക്കത്തിലാണെന്ന് ഉമങ് സിംഗർ ആരോപിച്ചു. നഴ്സിങ് കുംഭകോണം, ട്രാൻസ്പോർട്ട് കുംഭകോണം എന്നിവ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പ് സർക്കാർ ഒഴിവുകൾ നികത്തുന്നില്ലെന്ന് ആരോപിച്ച് പ്ലാസ്റ്റിക് പാമ്പുകളുമായി ഇതേ വേദിയിൽ പ്രതിപക്ഷം സമരം നടത്തിയിരുന്നു.
സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ ഒഡീഷ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങളുടെ വിസിലൂതൽ പ്രതിഷേധം നടന്നത്. നിയമസഭയ്ക്കുള്ളിൽ നടന്ന പ്രതിഷേധം ഫലം കാണാതെ വന്നതോടെ സഭയ്ക്ക് പുറത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമരം നടത്തി. ഈ വിഷയങ്ങൾ കുറച്ചുദിവസങ്ങളായി കോൺഗ്രസ് നിയമസഭയിൽ ഉന്നയിക്കുന്നുണ്ട്.