പാറ്റ്‌ന: ബിഹാറിലെ ആറ് കോൺഗ്രസ് എം.എൽ.എമാരും പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ച് പാറ്റ്‌നയിലെ സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരമ്പരാഗത 'ദഹി-ചുര' വിരുന്നിൽ നിന്ന് പാർട്ടിയുടെ ആകെയുള്ള ആറ് എം.എൽ.എമാരും വിട്ടുനിന്നതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.(Congress heading for split in Bihar?)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എം.എൽ.എമാർ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത്. മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് വിരുന്നിന് എത്താതിരുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ ചർച്ച ചെയ്യാൻ സംസ്ഥാന അധ്യക്ഷൻ വിളിച്ച യോഗത്തിൽ നിന്നും ഇതിൽ മൂന്ന് പേർ വിട്ടുനിന്നിരുന്നു. എം.എൽ.എമാരുടെ നീക്കത്തെക്കുറിച്ച് മുന്നണികൾക്കിടയിൽ ഭിന്നമായ വാദങ്ങളാണ് ഉയരുന്നത്.
ജനുവരി 15-ന് ശേഷം കോൺഗ്രസ് എം.എൽ.എമാർ എൻ.ഡി.എയിൽ ചേരുമെന്ന് എൽ.ജെ.പി (രാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് അവകാശപ്പെട്ടു. കോൺഗ്രസിനൊപ്പം ആർ.ജെ.ഡി അംഗങ്ങളും കൂറുമാറുമെന്ന് ബി.ജെ.പി നേതാവ് രാം കൃപാൽ യാദവ് സൂചിപ്പിച്ചു. എം.എൽ.എമാർക്ക് മറ്റ് തിരക്കുകൾ ഉള്ളതിനാലാണ് വരാതിരുന്നതെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നുമാണ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമിന്റെ വിശദീകരണം. ഇത് വെറും കിംവദന്തികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.