
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ്. ആവശ്യമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഇതേ ആവശ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചിരുന്നു.
കോൺഗ്രസിന്റെ ആവശ്യത്തിൽ കേന്ദ്രം നിലപാട് അറിയിച്ചിട്ടില്ല. നാളെ രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നടക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകളെന്നും കേന്ദ്രം വ്യക്തമാക്കി.