

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പ്രശംസിച്ച കോൺഗ്രസ് എം.പി. ശശി തരൂരിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷവിമർശനം. മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ ശക്തമായി രംഗത്തെത്തി. തരൂരിന്റെ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിലാണ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്.(Congress criticizes Shashi Tharoor for praising Modi, BJP backs him)
തരൂരിന് ഇന്ത്യയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് ദീക്ഷിത് ആരോപിച്ചു."രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമാണെങ്കിൽ നിങ്ങൾ ആ നയങ്ങൾ പിന്തുടർന്നോളൂ. നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്? എം.പി. ആയതുകൊണ്ടാണോ കോൺഗ്രസിൽ നിൽക്കുന്നത്?" എന്നും അദ്ദേഹം ചോദിച്ചു.
തരൂരിനെ 'കപടനാട്യക്കാരൻ' എന്നും ദീക്ഷിത് വിശേഷിപ്പിച്ചു. ബി.ജെ.പി.യുടെയോ പ്രധാനമന്ത്രിയുടെയോ തന്ത്രങ്ങളാണ് പാർട്ടിയേക്കാൾ മെച്ചമെന്ന് തരൂർ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകണം എന്നും ദീക്ഷിത് ആവശ്യപ്പെട്ടു.
നേരത്തെ, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും തരൂരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ശശി തരൂരിനെതിരെ കോൺഗ്രസിൽ വിമർശനം ഉയർന്നതിന് പിന്നാലെ, ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പിന്തുണയുമായി രംഗത്തെത്തി. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പൂനവല്ല പുതിയ വിശേഷണം നൽകുകയും ചെയ്തു.
കോൺഗ്രസിനെ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്നതിന് പകരം 'ഇന്ദിര നാസി കോൺഗ്രസ്' എന്ന് വിളിക്കണം. കോൺഗ്രസ് ഇന്ദിരയുടെ അടിയന്തരാവസ്ഥാ മനോഭാവത്തെയും നാസി സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രകടിപ്പിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാൽ, ആ വ്യക്തിക്കെതിരെ കോൺഗ്രസ് ഒരു 'ഫത്‌വ' പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാംനാഥ് ഗോയങ്കെ അനുസ്മരണ പ്രഭാഷണത്തെ അഭിനന്ദിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.