പട്ന: ബിഹാർ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വീട്ടിൽ കുടുംബകലഹം രൂക്ഷമാകുന്നു. ആർ.ജെ.ഡി. നേതാവും മകനുമായ തേജസ്വി യാദവിനെതിരെ വിമർശനം ഉന്നയിച്ച് ലാലു പ്രസാദിന്‍റെ മൂന്ന് പെൺമക്കൾ കൂടി വീട് വിട്ടുപോയി.(Conflict intensifies in Lalu's family, 3 more daughters have left home)
നേരത്തെ വീട് വിട്ടുപോയ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ, രാജലക്ഷ്മി, രാഗിണി എന്നിവർ വീട്ടിൽ നിന്ന് മാറിയത്. എന്നാൽ, ആരോപണങ്ങളോട് തേജസ്വി യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാർട്ടിയിലും കുടുംബത്തിലുമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എം.പി.യുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാർ ആരോപിക്കുന്നത്. ഇതിനിടെ, ലാലുവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതും കുടുംബത്തിലെ ഭിന്നത രൂക്ഷമാക്കുന്നു. ബിഹാറിലെ കനത്ത പരാജയം ലാലുവിന്‍റെ കുടുംബത്തിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
തോൽവിയുടെ പശ്ചാത്തലത്തിൽ ആർ.ജെ.ഡി.യുടെ നിർണായക യോഗം ഇന്ന് പട്നയിലെ തേജസ്വി യാദവിന്‍റെ വസതിയിൽ നടക്കും. 143 സീറ്റുകളിൽ മത്സരിച്ച ആർ.ജെ.ഡിക്ക് കേവലം 25 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസിനെപ്പോലെ വോട്ട് ചോർച്ചയാണ് പരാജയ കാരണമെന്ന് ആർ.ജെ.ഡി. ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും വോട്ട് ചോർച്ച വിഷയം ആർ.ജെ.ഡി. ഉയർത്തിയിട്ടുമില്ല.
ബിഹാറിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എൻ.ഡി.എ. സഖ്യം സർക്കാർ രൂപീകരണ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഇന്ന് അവസാന മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കും. തുടർന്ന് എൻ.ഡി.എ. എം.എൽ.എമാർ യോഗം ചേർന്ന് നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് മൂന്ന് ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.