അയോധ്യ: രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് ജില്ലാ ഭരണകൂടം സമ്പൂർണ്ണ വിലക്കേർപ്പെടുത്തി. ക്ഷേത്രപരിസരത്തും 'പഞ്ചകോശി പരിക്രമ' പാതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിലും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.(Complete ban on distribution of non-vegetarian food within 15 km radius of Ayodhya Ram temple)
ഹോട്ടലുകൾക്കും കടകൾക്കും പുറമെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്കും ഈ ഉത്തരവ് ബാധകമാണ്. വിനോദസഞ്ചാരികൾ ഓൺലൈൻ ആപ്പുകൾ വഴി മാംസാഹാരം ഓർഡർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും അതിഥികൾക്ക് മാംസാഹാരവും മദ്യവും നൽകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള 'രാം പഥിൽ' മാംസവിൽപന നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഈ പാതയിലെ ഇറച്ചി കടകൾ മുനിസിപ്പൽ കോർപ്പറേഷൻ നീക്കം ചെയ്തു.
മാംസവിൽപന പൂർണ്ണമായും തടഞ്ഞെങ്കിലും രാം പഥിൽ ഇപ്പോഴും ഇരുപതിലധികം മദ്യവിൽപനശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. മദ്യശാലകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.