ഭോപ്പാൽ: മധ്യപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് പിടിച്ചിറക്കി കൊണ്ടുപോയി വൻ മയക്കുമരുന്ന് കേസിൽ പ്രതിചേർത്തതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടിയിലെ ദുരൂഹതയും വിദ്യാർത്ഥിയുടെ നിരപരാധിത്വവും വെളിപ്പെട്ടത്. മൽഹർഗഡ് സ്വദേശിയായ 18-കാരൻ സോഹനെയാണ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.(Complaint against Madhya Pradesh police for framing student in a drug case)
ഓഗസ്റ്റ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് സോഹനെ പിടിച്ചിറക്കിയ നാലോളം പോലീസ് ഉദ്യോഗസ്ഥർ തൊട്ടടുത്ത ദിവസം വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കി. 2.7 കിലോഗ്രാം ഒപിയവുമായി പിടികൂടി എന്നായിരുന്നു പോലീസ് കേസ്. ഇതിന്റെ അടിസ്ഥാനത്തിൽ സോഹനെ ജയിലിലാക്കുകയും ചെയ്തു.
എന്നാൽ, മഫ്തിയിലായിരുന്ന പോലീസുകാർ ബസ് തടഞ്ഞ് സോഹനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പ്രതിക്കൂട്ടിലായി. ദൃശ്യങ്ങളിൽ വിമാനം തടയുകയോ, ഒപിയം കണ്ടെത്തുകയോ, വിദ്യാർത്ഥിയെ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യുന്നതൊന്നും കാണുന്നില്ല. സോഹനെ പിടിച്ച് വലിച്ചിറക്കി കൊണ്ടുപോകുന്നത് മാത്രമാണ് സിസിടിവിയിൽ ഉള്ളത്. 'തെളിവടക്കം പിടികൂടി' എന്ന പോലീസിന്റെ വാദമാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
സോഹന്റെ കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കോടതി മന്ദ്‌സോർ എസ്.പി.യെ വിളിച്ചുവരുത്തി വിശദീകരണം തേടി. എഫ്.ഐ.ആറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, സിസിടിവി ദൃശ്യങ്ങളിലുള്ളത് പോലീസുകാരല്ലെന്ന എസ്.പി.യുടെ മുൻ നിലപാട് തിരുത്തി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും എസ്.പി. മീണ കോടതിയെ അറിയിച്ചു. കേസിൽ കോടതിയുടെ നിർണ്ണായകമായ ഉത്തരവിനായി കാത്തിരിക്കുകയാണ് സോഹന്റെ കുടുംബം.