അഗർത്തല: ത്രിപുരയിലെ ഉനകോടി ജില്ലയിൽ വ്യാപാരമേളയെച്ചൊല്ലിയുണ്ടായ തർക്കം സാമുദായിക സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്കും കടകൾക്കും തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ കുമർഘട്ട് സബ് ഡിവിഷൻ പരിധിയിൽ സർക്കാർ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.(Communal clashes in Tripura, Houses set on fire)
സൈദാർപൂർ ഗ്രാമത്തിൽ നടന്ന വ്യാപാരമേളയിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് ആധാരമായത്. ഇത് മറ്റൊരു വിഭാഗം ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമാവുകയും സാമുദായിക സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു.
ഒരു വിഭാഗം മറുവിഭാഗത്തിന്റെ വീടുകൾക്ക് നേരെ വ്യാപകമായ ആക്രമണം നടത്തി. മരത്തടികൾ വിൽക്കുന്ന കടയ്ക്ക് അക്രമിസംഘം തീയിട്ടു. പ്രദേശത്തെ ഒരു ആരാധനാലയത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഘർഷം പടരുന്നത് തടയാൻ വലിയ തോതിലുള്ള സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിൽ നിലവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.