ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലുള്ള തരന നഗരത്തിൽ യുവാവിന് മർദനമേറ്റതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ സാമുദായിക സംഘർഷം. അക്രമി സംഘം ബസിന് തീവെക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നിലവിൽ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.(Communal clash in Ujjain, Bus set on fire)
ഉജ്ജൈൻ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ലയിലാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22-കാരനെ ഒരു സംഘം മർദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇത് പിന്നീട് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വലിയ തർക്കത്തിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ചെത്തിയ ഒരു സംഘം കടകൾക്കും വീടുകൾക്കും നേരെ കല്ലെറിയുകയും പൊതുഗതാഗത ബസിന് തീവെക്കുകയും ചെയ്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.