

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് വേദി പ്രഖ്യാപനം ഇന്ന്. 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഇന്നു പ്രഖ്യാപിക്കും. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനമുണ്ടാകുക. 2030 ഗെയിംസിന്റെ വേദിയായി അഹമ്മദാബാദിനെ കോമൺവെൽത്ത് സ്‌പോർട്‌സ് എക്സിക്യൂട്ടീവ് ബോർഡ് കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. ജനറൽ അസംബ്ലിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‍വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും.
2010ലാണ് ഇന്ത്യ മുൻപ് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശവാദത്തിന് ബലമേകുന്നതാണ് കോമൺവെൽത്ത് ഗെയിംസ് സംഘാടനം.