

ന്യൂഡൽഹി: 2026-ന്റെ തുടക്കത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 111 രൂപയാണ് വർധിപ്പിച്ചത്. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോ) വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് (ജനുവരി 1, വ്യാഴാഴ്ച) പ്രാബല്യത്തിൽ വന്നു.
പ്രധാന നഗരങ്ങളിലെ പുതുക്കിയ നിരക്കുകൾ (19 കിലോ സിലിണ്ടർ):
നഗരം - പഴയ വില - പുതിയ വില
ഡൽഹി- 1,580.50 -1,691.50
മുംബൈ-1,531.50 -1,642.50
കൊൽക്കത്ത-1,684.00 -1,795.00
ചെന്നൈ-1,739.50 -1,849.50
കേരളത്തിലെ വില നിലവാരം:
കേരളത്തിലും സിലിണ്ടർ വിലയിൽ വർധനവുണ്ട്. കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില ഏകദേശം 1,698 രൂപയായും തിരുവനന്തപുരത്ത് 1,719 രൂപയായും കോഴിക്കോട് 1,730 രൂപയായും ഉയർന്നു. 5 കിലോഗ്രാം എഫ്.ടി.എൽ (FTL) സിലിണ്ടറുകൾക്ക് 27 രൂപയാണ് വർധിപ്പിച്ചത്.
വാണിജ്യ സിലിണ്ടറിന് വില കൂടിയപ്പോൾ വ്യോമയാന ഇന്ധനത്തിന് (ATF) ആശ്വാസകരമായ വിലക്കുറവ് രേഖപ്പെടുത്തി. ഡൽഹിയിൽ കിലോലിറ്ററിന് 7.3% (7,353.75 രൂപ) കുറച്ച് 92,323.02 രൂപയാക്കി. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 853 രൂപയായി തുടരുന്നു. പി.എം.യു.വൈ (PMUY) ഗുണഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി അടക്കം 553 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാണ്.