ആർത്തവ സമയത്ത് സ്ത്രീകൾക്ക് അവധി നൽകി കമ്പനി ഉടമ, സ്ക്രീൻഷോട്ട് പങ്ക് വച്ച് അർച്ചന; പോസ്റ്റ് ഏറ്റെടുത്തു നെറ്റിസൺസ് | Company owner

കമ്പനിയുടെ സ്ഥാപകന്‍റെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യത്വപരമായ ഈ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വാധീനം ചെലുത്തി
woman in office
Published on

തൊഴിലിടങ്ങളിൽ പലതരത്തിലുള്ള മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ സ്ത്രീകൾ അനുഭവിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും കരുതലും സ്നേഹവും ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒരു തൊഴിലിടത്തിലെ മാതൃകയാക്കാവുന്ന സഹാനുഭൂതിയുടെ സന്ദേശം സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വിദഗ്ദ്ധയായ അർച്ചന ശർമ്മ. ഒരു വിഷമഘട്ടത്തിൽ തൻ്റെ കമ്പനിയുടെ സ്ഥാപകൻ അയച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്. ഈ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാവുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. (Company owner)

അർച്ചന പങ്കുവച്ച സ്ക്രീൻഷോട്ടിൽ സ്ഥാപകൻ മുഴുവൻ ടീമിനും ആയി എഴുതിയ കുറിപ്പ് ഇങ്ങനെയാണ്,

'പ്രിയ ടീം, ആർത്തവ ആരോഗ്യം ഓരോ സ്ത്രീയുടെയും അനിവാര്യമായ ഭാഗമാണ്. ഇന്ന് മുതൽ നമ്മുടെ വനിതാ സഹപ്രവർത്തകർ ആർത്തവ സമയത്തിലൂടെ കടന്ന് പോകുകയാണെങ്കിൽ അവർക്ക് വീട്ടിൽ വിശ്രമിക്കാവുന്നതാണ്. ഇത് ഒരു അവധിയായി കണക്കാക്കുന്നതല്ല. എല്ലാത്തിനും ഉപരിയാണ് ആരോഗ്യവും ക്ഷേമവും.'

മുൻപ്, യാതൊരു പരിഗണനയും ലഭിക്കാത്തൊരു തൊഴിൽ അന്തരീക്ഷത്തിൽ ജോലി ചെയ്തിരുന്ന അർച്ചന ഈ സന്ദേശം തനിക്ക് വാക്കുകൾ കൊണ്ട് വിവരിക്കുന്നതിനുമപ്പുറമാണെന്ന് പറയുന്നു. യഥാർത്ഥത്തിൽ കരുതലുള്ള ഒരു തൊഴിലിടം ആനുകൂല്യങ്ങളിലോ നിയമങ്ങളിലോ മാത്രം അധിഷ്ഠിതമല്ല. മറിച്ച് സഹാനുഭൂതി, വിശ്വാസം, ബഹുമാനം എന്നിവയെല്ലാം ഉൾക്കൊണ്ടതാണെന്ന് അർച്ചന പറഞ്ഞുവയ്ക്കുന്നു.

കമ്പനിയുടെ സ്ഥാപകന്‍റെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യത്വപരമായ ഈ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. തൊഴിലാളികളോടുള്ള സഹാനുഭൂതി നിറഞ്ഞ അദ്ദേഹത്തിന്‍റെ നടപടിയെ പലരും പ്രശംസിച്ചു. ഈ കുറിപ്പ് മറ്റു പലർക്കും പ്രചോദനമാകുമെന്ന് കമൻറുകൾ വന്നു. പല സ്ഥലങ്ങളിലും ആർത്തവ വേദന എത്രത്തോളം അവഗണിക്കപ്പെടുകയോ നിസ്സാരമാക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് വിവരിച്ച് കൊണ്ട് വിഷയം എത്രമാത്രം ഗൗരവം ഉള്ളതാണെന്ന് ചിലർ വിശദീകരിച്ചു. എല്ലാറ്റിനുമുപരിയായി, ഒരു തൊഴിലിടത്തിലെ നയങ്ങൾ ഉത്പാദനക്ഷമതയെ മാത്രമല്ല, എങ്ങനെ ആരോഗ്യത്തെയും അന്തസ്സിനെയും കേന്ദ്രീകരിക്കണം എന്നുള്ള വലിയ ചർച്ചകൾക്കും കുറിപ്പ് തുടക്കമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com