
ഗുവാഹത്തി: ഷില്ലോങില്‍ ആര്‍മി ബ്രിഗേഡിയറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി ജൂനിയര്‍ ഓഫീസറുടെ ഭാര്യ. പരാതിയില്‍ കേസ് എടുത്ത മേഘാലയ പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
ഷില്ലോങില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതിക്കാരി. മാര്‍ച്ച് എട്ടിന് ഓഫീസേഴ്‌സ് മെസ്സില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിഗേഡിയര്‍ തന്നെ കുറിച്ച് അനുചിതമായ പരാമർശങ്ങൾ നടത്തുകയും , ശാരീരിക ഭീഷണി എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം മോശം പെരുമാറ്റങ്ങൾ തുടരുകയും ചെയ്‌തുവെന്ന് യുവതി പരാതിയിൽ പറയുന്നു.
2024 ഏപ്രില്‍ 13-ന് നടന്ന മറ്റൊരു സംഭവത്തെ കുറിച്ചും യുവതി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സഹപ്രവര്‍ത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ വെച്ച് ബ്രിഗേഡിയര്‍ താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് മോശമായി സംസാരിച്ചു. രണ്ട് മാസങ്ങള്‍ക്കുശേഷം വീട്ടില്‍ അത്താഴം കഴിക്കുന്നതിനിടെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് തന്റെ കൈയില്‍ ബലമായി പിടിച്ചു.അന്ന് പോലീസില്‍ പരാതിപ്പെടാന്‍ കഴിഞ്ഞില്ലെന്നും യുവതി വ്യക്തമാക്കുന്നു.
ലൈംഗിക പീഡനം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം ബ്രിഗേഡിയർക്കെതിരെ കേസെടുത്തിരിക്കുന്നത്.