

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.(College student kidnapped and raped in Coimbatore)
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. യുവതി തൻ്റെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെയാണ് സംഘം ഇവരെ ആക്രമിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
അതിജീവിത നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതികൾക്കായി ഏഴ് പ്രത്യേക പോലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് തുടരുകയാണ്.
സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ തമിഴ്‌നാട്ടിൽ പൊതുജന ആശങ്ക വർദ്ധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
കോയമ്പത്തൂരിൽ നടന്ന സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് കെ അണ്ണാമലൈ പറഞ്ഞത്. ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സ്ത്രീകൾക്കെതിരായ ഇത്തരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ സാമൂഹിക വിരുദ്ധർക്ക് നിയമത്തെയോ പോലീസിനെയോ ഭയമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഡി.എം.കെ. മന്ത്രിമാർ മുതൽ നിയമപാലകർ വരെ ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണത വ്യക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.