മുസാഫർനഗർ: 7000 രൂപ ഫീസടയ്ക്കാത്തതിനെ തുടർന്ന് പരീക്ഷയെഴുതാൻ അധികൃതർ അനുവദിക്കാതിരുന്ന കോളേജ് വിദ്യാർത്ഥി സ്വയം തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുധാനയിൽ നിന്നുള്ള ഉജ്ജ്വൽ റാണ (22) ആണ് ദാരുണമായി മരിച്ചത്.(College student commits suicide, case filed against 6 people)
തീവ്രമായി പൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവാവ്, ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്, മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
ബുധാനയിലെ ഡി.എ.വി. കോളേജിലെ രണ്ടാം വർഷ ബി.എ. വിദ്യാർത്ഥിയായിരുന്നു ഉജ്ജ്വൽ റാണ. പരീക്ഷയെഴുതുന്നതിന് മുൻപ് അടയ്‌ക്കേണ്ട 7000 രൂപ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് കോളേജ് മാനേജ്‌മെന്റ് ഉജ്ജ്വലിന് പ്രവേശനാനുമതി നിഷേധിച്ചു. ഇതിൽ മനംനൊന്ത് വിദ്യാർത്ഥി പ്രതിഷേധിച്ചപ്പോൾ, കോളേജ് അധികൃതർ പോലീസിനെ വിളിച്ചുവരുത്തി ഉജ്ജ്വലിനെ ബലമായി കോളേജിൽ നിന്ന് പുറത്താക്കി.
ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഉജ്ജ്വൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഉജ്ജ്വലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്, ഉജ്ജ്വലിന്റെ സഹോദരി സലോണി റാണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കോളേജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്.എസ്.പി. കുമാർ ഉറപ്പുനൽകി. പരീക്ഷാ ഫീസിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.