ബെംഗളൂരു: പ്രഗതിപുരയിൽ 39 കാരിയായ നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 25-കാരനായ പുരുഷ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ ഹിരിയൂർ സ്വദേശിനി മമതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹപ്രവർത്തകനും സുഹൃത്തുമായ സുധാകർ ആണ് പിടിയിലായത്.(Colleague arrested for murdering nurse in Bengaluru after refusing to back out of marriage)
കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുരയിലുള്ള വാടകവീട്ടിൽ ഇന്നലെ വൈകീട്ടാണ് മമതയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലെ മാല പകുതി പൊട്ടിച്ചെടുത്ത നിലയിലായിരുന്നു. കൊലപാതകം ഒരു മോഷണശ്രമത്തിനിടെ സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട മമതയുടെ ഫോൺ രേഖകളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുധാകറിലേക്ക് എത്തിയത്. ഇരുവരും കഴിഞ്ഞ ഒരു വർഷമായി ഒരേ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു.
മമതയുമായി സുധാകർ പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനിടെ സുധാകറിന്റെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. ഇതറിഞ്ഞ മമത തന്നെയേ വിവാഹം കഴിക്കാവൂ എന്ന് നിർബന്ധം പിടിക്കുകയും ഇതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. മമതയെ ഒഴിവാക്കാനായി ആസൂത്രിതമായി വീട്ടിലെത്തിയ സുധാകർ കറിക്കത്തി ഉപയോഗിച്ച് മമതയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ആഭരണങ്ങൾ കവർന്നത് മോഷണമാണെന്ന് തോന്നിപ്പിക്കാനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.