പിടിച്ചെടുത്തത് 2500 കോടിയുടെ കൊക്കെയ്ൻ ! :മുഖ്യപ്രതി പവൻ ഠാക്കൂർ ദുബായിൽ പിടിയിൽ, ഇന്ത്യയിലേക്ക് നാട് കടത്തും | Cocaine

ഇയാൾക്കെതിരെ ഇൻ്റർപോളിൻ്റെ സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
പിടിച്ചെടുത്തത് 2500 കോടിയുടെ കൊക്കെയ്ൻ ! :മുഖ്യപ്രതി പവൻ ഠാക്കൂർ ദുബായിൽ പിടിയിൽ, ഇന്ത്യയിലേക്ക് നാട് കടത്തും | Cocaine

ന്യൂഡൽഹി: ഡൽഹിയിൽ 2500 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവൻ ഠാക്കൂർ ദുബായിൽ അറസ്റ്റിലായി. ഇയാളെ ഉടൻതന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.(Cocaine case, Chief accused Pawan Thakur arrested in Dubai)

2024 നവംബറിലാണ് രാജ്യത്തെ ഞെട്ടിച്ച് 2500 കോടിയോളം രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ൻ ഡൽഹിയിൽ പിടികൂടിയത്. ഈ കേസിൻ്റെ മുഖ്യസൂത്രധാരൻ പവൻ ഠാക്കൂറാണ്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിൽ 282 കോടി രൂപയുടെ മെത്താഫെറ്റമിൻ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലും ഇയാളാണ് മുഖ്യപ്രതി.ഇയാൾക്ക് ഹവാല, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വൻ സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കടൽവഴി ഇന്ത്യയിലേക്ക് കടത്തിയ മയക്കുമരുന്ന് ട്രക്കിൽ ഡൽഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. കേസിൽ പവൻ ഠാക്കൂറിൻ്റെ കൂട്ടാളികളായ അഞ്ചുപേർ അറസ്റ്റിലായതോടെ ഇയാളും കുടുംബവും വിദേശത്തേക്ക് കടന്നു. വിദേശത്തിരുന്നും ഇയാൾ ഇന്ത്യയിലെ കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലും നിയന്ത്രിച്ചിരുന്നതായാണ് വിവരം.

ഡൽഹിയിലെ മാർക്കറ്റിൽ ഹവാല ഏജൻ്റായാണ് പവൻ ഠാക്കൂർ ക്രിമിനൽ രംഗത്തേക്ക് കടന്നുവരുന്നത്. മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വിപുലമായ ഹവാല സംവിധാനത്തിലൂടെ വഴിതിരിച്ചുവിട്ടു. ഇതിനായി ഇന്ത്യയിലും ചൈന, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളിലുമുള്ള ഷെൽ കമ്പനികളെയും ഇയാൾ ഉപയോഗിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) മുഖേന പവൻ ഠാക്കൂറിനെതിരെ ഇൻ്റർപോളിൻ്റെ സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻ്റും പുറപ്പെടുവിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com