ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് മുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് കേസുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.(CMRL - Exalogic case, Final arguments in petitions in Delhi High Court from today)
കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ ഹാജരാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം മാറ്റിവയ്ക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഇതിനെ ഗൗരവമായി കാണുന്നില്ലെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അന്ന് പരിഹസിച്ചിരുന്നു.
കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സിഎംആർഎൽ സേവനം നൽകാതെ തന്നെ പണം നൽകിയെന്നതാണ് പ്രധാന ആരോപണം. ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലുകളെത്തുടർന്നാണ് ഇത് വിവാദമായതും തുടർന്ന് എസ്എഫ്ഐഒ അന്വേഷണത്തിലേക്ക് നീങ്ങിയതും.