
മൈസൂർ: മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി (MUDA) അഴിമതിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ബുധനാഴ്ച മൈസൂരുവിലെ ലോക് ആയുക്ത പോലീസ് ഓഫീസിലെത്തി. (MUDA scam case)
എഫ്ഐആർ ഫയൽ ചെയ്യാനുള്ള സെപ്റ്റംബർ 27 ലെ കോടതി ഉത്തരവിനെത്തുടർന്നാണ് MUDA അഴിമതി കേസിൽ മൈസൂർ ലോക് ആയുക്ത ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. സിദ്ധാരാമയ്യയുടെ ഭാര്യ പാർവ്വതിക്ക് 56 കോടി രൂപ വിലമതിക്കുന്ന 14 സ്ഥലങ്ങൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ലോക് ആയുക്തയ്ക്ക് നിർദേശം നൽകിയിരുന്നു. മൈസൂരു നഗരത്തിലെ പ്രധാന സ്ഥലത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭാര്യയ്ക്ക് നിയമവിരുദ്ധമായി ഈ സ്ഥലങ്ങൾ അനുവദിച്ചതായി ആരോപണമുണ്ട്. സിദ്ധാരാമയ്യയ്ക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും ഇഡി ഫയൽ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മറ്റുള്ളവർക്കുമെതിരെ രജിസ്റ്റർ ചെയ്ത MUDA ഭൂമി കേസിന്റെ അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച്ചയാണ് കർണാടക ഹൈക്കോടതി മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കും മറ്റുള്ളവർക്കും ലോക് ആയുക്തയുടെ ഓഫീസിൽ എത്തുവാൻ നോട്ടീസ് അയച്ചത്.